എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയെ എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഇഡിക്ക് മുമ്പാകെ ഇനിയും ഹാജരാകേണ്ടി വരും. തനിക്ക് മറ്റ് ചില തിരക്കുള്ളതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നുവെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞുു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്‌തത്. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണം തുടങ്ങിയത്. വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റിന് അന്വേഷണം തുടരാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തു - The interrogation happening ED office
കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തത്.
ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള ദിന പത്രത്തിന്‍റെ മറവിൽ നോട്ട് നിരോധസമയത്ത് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളിലായിരുന്നു അന്വേഷണത്തിന് കോടതി നിർദേശിച്ചത്. ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കണം. വിജിലൻസ് എൻഫോഴ്‌സ്‌മെന്‍റുമായി അന്വേഷണത്തിൽ സഹകരിക്കണം. ഇഡി ആവശ്യപ്പെടുന്ന രേഖകൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. പരാതിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇബ്രാഹിം കുഞ്ഞിനെ നേരിട്ട് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്‌തത്.