എറണാകുളം :ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ (Lakshadweep MP Mohammed Faizal) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി (Enforcement Directorate) ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് എം പിയെ ചോദ്യം ചെയ്യുന്നത്. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി (Export of fish to Sri Lanka ) ചെയ്‌തതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് (Black Money Transaction) ആരോപണത്തിലാണ് ഇ ഡി യുടെ ചോദ്യം ചെയ്യൽ.
നേരത്ത ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നുവെങ്കിലും മുഹമ്മദ് ഫൈസൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന്, കർശന നടപടികളിലേക്ക് കടക്കുമെന്ന് ഇഡി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ലക്ഷദ്വീപ് എം പി ചോദ്യം ചെയ്യലിന് ഹാജരായത്. എം.പി മുഹമ്മദ് ഫൈസലിന്‍റെ വീട്ടിലും ഔദ്യോഗിക വസതികളിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു.
ലക്ഷദ്വീപിലെ വീട്ടിലും കൊച്ചിയിലെയും ഡല്‍ഹിയിലെയും ഔദ്യോഗിക വസതികളിലുമാണ് റെയ്‌ഡ് നടന്നത്. ഫൈസലുമായി ബന്ധമുള്ള കോഴിക്കോട് ബേപ്പൂരിലുള്ള സ്ഥാപനത്തിലും റെയ്‌ഡ് നടന്നിരുന്നു. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം മുഹമ്മദ് ഫൈസലിന്‍റെ അമ്മാവന്‍റെ മക്കളായ സെയ്‌ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയുമാണ് നടത്തുന്നത്.
നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു ഇ.ഡി മിന്നൽ പരിശോധന നടത്തിയത്. ഇതേ തുടർന്നായിരുന്നു ആദായ നികുതി രേഖകൾ ഉൾപ്പടെ പത്തുവർഷത്തെ രേഖകൾ സഹിതം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.