എറണാകുളം :സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ബുധനാഴ്‌ചത്തെ ചോദ്യം ചെയ്യൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പൂർത്തിയാക്കി. ആരോഗ്യകരമായ കാരണങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. വ്യാഴാഴ്‌ച രാവിലെ വീണ്ടും ഹാജരാകണമെന്ന് ഇ ഡി നിർദേശിച്ചിട്ടുണ്ട്. ഇന്ന് അഞ്ചര മണിക്കൂറോളമാണ് ഇ ഡി സ്വപ്‌നയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും നാളെ വീണ്ടും ഹാജരാകണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാന്‍ അവർ തയ്യാറായില്ല. ഇഡി നൽകിയ നോട്ടിസ് പ്രകാരം രാവിലെ 11 മണിയോടെയാണ് സ്വപ്‌ന കൊച്ചിയിലെ ഓഫിസിൽ ഹാജരായത്. ഇ ഡി കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
രഹസ്യമൊഴി ആവര്‍ത്തിച്ചു :നേരത്തെ കോടതിയിൽ നൽകിയ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ സ്വപ്‌ന ആവർത്തിച്ചതായാണ് വിവരം. സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി വീണ്ടും ചോദ്യം ചെയ്തത്. 27 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇ ഡിക്ക് ലഭിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.