എറണാകുളം :അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പടെ 24 പേരാണ് പ്രതികൾ. ഇടപാടുകാരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്.
ഭൂമിയിടപാടിലെ കളളപ്പണത്തെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. 27 കോടിയുടെ സഭാഭൂമി ഇടപാട് നടന്നെങ്കിലും രേഖകളിൽ ഒമ്പത് കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ഇ.ഡി കേസെടുത്തത്.
കേസ്, ഒരേക്കർ 60 സെന്‍റ് വിൽപ്പന നടത്തിയതില്‍
അതിരൂപതയുടെ കടം വീട്ടാനെന്ന പേരിൽ ഭൂമി വിൽപ്പന നടത്തിയതിലൂടെ കോടികളുടെ നഷ്‌ടമുണ്ടായെന്ന് ആരോപിച്ച് വിശ്വാസി ജോഷി വർഗീസ് പരാതി നല്‍കുകയായിരുന്നു. ഇതില്‍, കാക്കനാട് മജിസ്ട്രേറ്റ് കോടതി കർദിനാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.
സെഷൻസ് കോടതിയും, ഹൈക്കോടതിയും ഇത് ശരിവച്ചു. കർദിനാൾ ആലഞ്ചേരി സഭയുടെ മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഇട നിലക്കാരൻ സാജു വർഗീസ്എന്നിവർക്കതിരെയാണ് കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തത്.
ALSO READ:'കുഞ്ഞിനായുള്ള അനുപമയുടെ സമരം മുഖ്യമന്ത്രിക്ക് നാണക്കേട്' ; സാംസ്‌കാരിക നായകര്‍ കാഷ്വല്‍ ലീവിലോയെന്നും കെ മുരളീധരൻ
ഇതിനുപുറമെയാണ് ഇവരുൾപ്പടെയുള്ളവർക്കതിരെ ഇ.ഡിയുടെ അന്വേഷണം തുടങ്ങിയത്. സിറോ മലബാർ സഭയുടെ ഉടമസ്ഥതയിൽ വരുന്ന എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഒരേക്കർ 60 സെന്‍റ് വിൽപ്പന നടത്തിയതായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഭൂമി വിൽപ്പന നടത്തിയെങ്കിലും കടം വീട്ടാന്‍ കഴിഞ്ഞിരുന്നില്ല.