എറണാകുളം :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ (Karuvannur Bank Scam) സിപിഎം നേതാവും എംഎല്‍എയുമായ എസി മൊയ്‌തീന് വീണ്ടും നോട്ടിസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യലിന് സെപ്‌റ്റംബര്‍ നാലിന് ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടിസ്. 10 വര്‍ഷത്തെ നികുതി രേഖകളുമായി രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് നിര്‍ദേശം (ED Notice To AC Moideen Again).
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇന്ന് (ഓഗസ്റ്റ് 31) ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാനായിരുന്നു നേരത്തെ നിര്‍ദേശിച്ചത്. എന്നാല്‍ ഇഡി ഹാജരാക്കാന്‍ നിര്‍ദേശിച്ച രേഖകള്‍ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എത്താന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും നോട്ടിസ് നല്‍കിയത്.
അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം, പി.പി കിരൺ, അനിൽ സേട്ട് എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ബിനാമികളാണെന്ന് ഇഡി സംശയിക്കുന്ന ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം എ.സി മൊയ്‌തീനെ ചോദ്യം ചെയ്യാനായിരുന്നു ഇഡി നീക്കം. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമായിരിക്കും എസി മൊയ്‌തീനെ കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേസുമായി ബന്ധപ്പെട്ട് എസി മൊയ്‌തീന്‍റെ വീട്ടില്‍ 22 മണിക്കൂര്‍ ഇഡി പരിശോധന (ED raid in AC Moideen's house) നടത്തുകയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി വാര്‍ത്താക്കുറിപ്പില്‍ ഉന്നയിച്ചത്. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.