എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചു. അഞ്ചാം പ്രതി എം ശിവശങ്കറിനൊപ്പം പ്രതികളെ ചോദ്യം ചെയ്യുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കസ്റ്റഡി അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
സരിത്ത്, സന്ദീപ്, സ്വപ്ന, ശിവശങ്കര്‍; ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.
ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ, അന്വേഷണത്തിലുണ്ടായ പുതിയ പുരോഗതിയുടെ അടിസ്ഥാനത്തിൽ നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌ത പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ ആവശ്യം. അതേ സമയം എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിലുള്ള എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അഞ്ചാം പ്രതിയായ ശിവശങ്കറിനെ അറസ്റ്റു ചെയ്‌ത ശേഷം ഇ.ഡി കസ്റ്റഡിയിൽ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. കോടതി നിർദേശപ്രകാരം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുമണി വരെയാണ് ചോദ്യചെയ്യൽ. ഇന്നലെ രാത്രി ശിവശങ്കറെ ആയുർവേദ ആശുപത്രിയിലെത്തിച്ച് നടുവേദനയുടെ ചികിത്സ തേടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്‌ത ശിവശങ്കറിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. എന്നാൽ അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
TAGGED:
കള്ളപ്പണം വെളുപ്പിക്കൽ കേസ്