എറണാകുളം:സന്ദീപ് നായരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും നടപടികള്‍ മരവിപ്പിക്കണമെന്നും ഇഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. നാളെ വരെ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്.
ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡി ഹര്‍ജിയില്‍ നാളെയും വാദം തുടരും
കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍. നാളെ വരെ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍.
മുഖ്യമന്ത്രിയും സ്പീക്കറുമടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസിക പീഡനം നേരിട്ടെന്നും സന്ദീപ് മൊഴി നല്‍കി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സന്ദീപ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
ഇഡി കേസില്‍ റിമാൻഡിലുള്ള സന്ദീപ് നായരെ അവര്‍ അറിയാതെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍ ജില്ല ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.