എറണാകുളം: കെ റെയിൽ കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും ബദൽ പദ്ധതിയായി അർധ അതിവേഗ റെയില്‍പാതയുടെ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചതെന്നും ഇ ശ്രീധരൻ. താൻ നൽകിയ ബദൽ പദ്ധതി നിർദ്ദേശത്തിൽ ഇതുവരെ സർക്കാരിന്‍റെയോ, പ്രതിനിധിയായി തന്നെ സന്ദർശിച്ച കെ വി തോമസിന്‍റെയോ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിന് കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിക്കില്ലന്ന് കെ.വി തോമസിനെ അറിയിച്ചിരുന്നു. ജനങ്ങളുടെ എതിർപ്പ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നനങ്ങൾ എന്നിവ കെ റെയിൽ നടപ്പാക്കുന്നതിന് തടസമാണ്. ആകാശപാതയോ തുരങ്ക പാതയോ നിർമ്മിച്ച് അർധ അതിവേഗ റെയില്‍പാത കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയും.
ഭൂമി ഏറ്റെടുക്കല്‍ 20 മീറ്റര്‍ വീതിയില്‍ മാത്രം: ആകാശപാതയോ തുരങ്ക പാതയോ നിർമ്മിച്ചാല്‍ ഭൂമി ഏറ്റെടുക്കലിന്‍റെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ കഴിയും. തുരങ്ക പാതയാണെങ്കിൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. ആകാശപാതയാണെങ്കിൽ നിർമ്മാണവേളയിൽ ഇരുപത് മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു.
നിർമ്മാണം പൂർത്തിയായാൽ ബാക്കി ഭൂമി ഉടമസ്ഥർക്ക് തന്നെ വിട്ട് നൽകാൻ കഴിയും. ഇത് കൃഷിക്ക് ഉൾപ്പെടെ ഉപയോഗിക്കാനും കഴിയും. അർധ വേഗപാത ഭാവിയിൽ ദേശീയ അതിവേഗ പദ്ധതിയുമായി യോജിപ്പിക്കാൻ കഴിയണം.
ഇപ്പോൾ നിർമ്മിക്കുന്ന അർധ അതിവേഗ റെയില്‍പാതയിലൂടെ ഭാവിയിൽ അതിവേഗ ട്രെയിൻ ഓടിക്കാൻ കഴിയണം. ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കെ.വി തോമസിന് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെവി തോമസ് തന്നെ വന്ന് കണ്ടത് എന്ന് അറിഞ്ഞതിൽ സന്തോഷമായി.