കൊച്ചി:ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ദ്വിദിന സന്ദർശനത്തിന് നാളെ കൊച്ചിയിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് നെടുമ്പാശേരിയില്‍ എത്തുക. തുടർന്ന് മട്ടാഞ്ചേരി പാലസും ഡച്ച് കമ്പനി നെഡ് സ്പൈസും സന്ദർശിക്കും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും രാജകുടുംബം പങ്കെടുക്കും.
ഡച്ച് രാജാവും രാജ്ഞിയും നാളെ കൊച്ചിയില്‍ - netherlands king kerala visit update
ദ്വിദിന സന്ദർശനത്തിനെത്തുന്ന രാജകുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
സാംസ്കാരിക പരിപാടികളും സുവനീറുകളുടെ പ്രകാശനവും സന്ദർശനത്തിന്‍റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച്ച രാവിലെ ആലപ്പുഴയിലെത്തുന്ന രാജകുടുംബം ബോട്ട് സവാരിക്കു ശേഷം തുറമുഖ, ഐടി മേഖലയിലെ പദ്ധതികൾക്കായുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഉച്ചയ്ക്ക് കൊച്ചിയിൽ താജ് മലബാറിൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ആംസ്റ്റർഡാമിലേക്ക് മടങ്ങും.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം പതിനാലിനാണ് രാജകുടുംബം ഇന്ത്യയില്‍ എത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും രാജകുടുംബം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.