എറണാകുളം : റെസ്റ്റോറന്‍റിൽ യുവാക്കളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ അക്രമത്തിലും സംഘർഷത്തിലും കൂടുതല്‍ നടപടികളുമായി പൊലീസ്. കൊച്ചിയില്‍ ഇടപ്പള്ളിക്ക് സമീപം മരോട്ടിചോടിലുള്ള താൽ റെസ്റ്റോറന്‍റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി യുവതികൾക്കൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിന് അകത്തുവച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു.
പരസ്യ മദ്യപാനം ഹോട്ടല്‍ ജീവനക്കാരൻ ചോദ്യം ചെയ്‌തതാണ് സംഘർഷങ്ങൾക്ക് തുടക്കം. കുടുംബ സമേതം ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിലെ മദ്യപാനം ജീവനക്കാരൻ ചോദ്യം ചെയ്‌തതോടെ യുവാക്കൾ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഹോട്ടലിനകത്ത് ആക്രമണം നടത്തുകയും ചെയ്‌തു. മദ്യപാനത്തിന് അനുമതിയില്ലന്നും ഭക്ഷണം കഴിക്കാൻ മാത്രമേ ഹോട്ടൽ ഉപയോഗിക്കാവൂവെന്നും ജീവനക്കാർ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായത്.
പണം കൊടുത്തില്ലെന്നും പരാതി: ജീവനക്കാർ മദ്യപാനം ചോദ്യം ചെയ്‌തത് ആദ്യം ചെറിയ സംഘർഷത്തില്‍ കലാശിച്ചെങ്കിലും ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ ഹോട്ടലിൽ നിന്നും മടങ്ങുകയായിരുന്നു. ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം കഴിച്ച പൈസയും ഇവർ നൽകിയില്ലെന്ന് ഉടമ പറയുന്നു. ഇതിനിടെ ഇവർ കൂടുതൽ പേരുമായി മടങ്ങിയെത്തി ഹോട്ടലിലെ ഭരണികൾ ഉൾപ്പടെ തകർക്കുകയും ആക്രമണം അഴിച്ചു വിടുകയായിരുന്നു.
പാകം ചെയ്‌തുവച്ച ഭക്ഷണത്തിൽ യുവാക്കൾ മണ്ണ് വാരിയിട്ടെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഇതേ തുടർന്ന് ഭക്ഷണം ഉപയോഗ ശൂന്യമായെന്നും ഈ വകയിൽ അമ്പതിനായിരത്തിൽ അധികം രൂപയുടെ നഷ്ടമുണ്ടായെന്നും ഉടമ അറിയിച്ചു. ഹോട്ടൽ ഉടമ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഇടപ്പള്ളി പൊലീസ് സ്ഥലത്ത് എത്തി മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്.