എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് സംഘം പിടിയില്‍. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജ്മൽ, മുഹമ്മദ് ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
Also Read: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്‌ടര്‍ വിജിലൻസിന്‍റെ പിടിയില്‍
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎ മയക്കുമരുന്നുമായി കാക്കനാട്ടെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത 90 ഗ്രാം എംഡിഎംഎയ്‌ക്ക് വിപണിയിൽ ഒരുകോടി രൂപ വില വരും.
ചെന്നെയിൽ നിന്ന് കുടുംബസമേതമെന്ന വ്യാജേന ആഡംബര കാറിൽ യാത്ര ചെയ്‌താണ് സംഘം മയക്കുമരുന്ന് കടത്തിയത്. വിദേശ ഇനത്തിൽപ്പെട്ട നായ്ക്കളുമായി കാറിൽ യാത്ര ചെയ്ത് ഇവർ ചെക് പോസ്റ്റുകളിലും മറ്റും വാഹന പരിശോധനാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചിരുന്നു.
എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. ഇവരുപയോഗിച്ച ഹുണ്ടായി i20 കാര്‍ പിടിച്ചെടുത്തു. മൂന്ന് വിദേശ നായ്ക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ കൂടുതൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്ന് ആന്‍റി- നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അന്വേഷിച്ച് വരികയാണ്.