എറണാകുളം :കൊച്ചിയില്‍ പുറം കടലിൽ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ സി ബി(നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) - നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. മൂവായിരത്തോളം കിലോ ലഹരിമരുന്നാണ് പിടികൂടിയതെന്ന് എൻ സി ബി അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സമുദ്രഗുപ്‌ത എന്ന പേരിൽ എൻ സി ബി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളാണ് പിടികൂടിയിട്ടുള്ളത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൻ സി ബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്.
ഇന്ത്യൻ നാവിക സേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമൈൻ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റെയും വിശകലനത്തിന്‍റെയും ഫലമായി മദർ കപ്പൽ നിരോധിത വസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി.