എറണാകുളം: നെടുമ്പാശ്ശേരി മയക്കുമരുന്ന് കേസിൽ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കൊച്ചിയിലെത്തിക്കാൻ കസ്‌റ്റംസ് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിനായി അപേക്ഷ നൽകും. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന പ്രതിയെ കൊച്ചിയിലെത്തിക്കാൻ ഡൽഹി കോടതിയെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ട്രാൻസിസ്‌റ്റ് വാറണ്ട് അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്‌ച(21.08.2022) ആയിരുന്നു 36 കോടി വില വരുന്ന മെഥാക്വിനോൾ മയക്കുമരുന്നുമായി പാലക്കാട് സ്വദേശിയായ മുരളീധരൻ നായർ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് കസ്‌റ്റംസ് കണ്ടെത്തിയിരുന്നു. പ്രതിയെ ആന്‍റി ടെററിസ്‌റ്റ് സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്‌തിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിക്കടത്തിന് പിന്നിലെ രാജ്യാന്തര ബന്ധം വ്യക്തമായത്. വനിതകള്‍ നിയന്ത്രിക്കുന്ന ലഹരിക്കടത്ത് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുരളീധരന്‍ നായരെന്നാണ് കസ്‌റ്റംസ് സംശയിക്കുന്നത്. ഇതേ സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്ന യുവതിയാണ് ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡു.