കേരളം

kerala

ETV Bharat / state

കൊച്ചി പുറംകടലിലെ ലഹരിവേട്ട: പിടികൂടിയ പ്രതി സുബൈറിനെ റിമാന്‍ഡ് ചെയ്‌തു

കസ്‌റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇയാളെ കോടതിയില്‍ ഹാജരാക്കി കസ്‌റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടത്

Drug hunt on Kochi off Shore  Drug hunt  Kochi off Shore  accused Zubair remanded  കൊച്ചി പുറംകടലിലെ ലഹരിവേട്ട  പിടികൂടിയ പ്രതി സുബൈറിനെ റിമാന്‍ഡ് ചെയ്‌തു  കസ്‌റ്റഡി കാലാവധി  നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ  കസ്‌റ്റഡി  കൊച്ചി  ലഹരി
കൊച്ചി പുറംകടലിലെ ലഹരിവേട്ട; പിടികൂടിയ പ്രതി സുബൈറിനെ റിമാന്‍ഡ് ചെയ്‌തു

By

Published : May 27, 2023, 9:50 PM IST

എറണാകുളം: കൊച്ചിയില്‍ പുറം കടലിൽ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ പ്രതി സുബൈറിനെ റിമാന്‍ഡ് ചെയ്‌തു. അഞ്ചു ദിവസത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്‌റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതിയെ കൊച്ചിയിലെ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിയെ റിമാന്‍ഡ് ചെയ്യണമെന്ന എൻസിബിയുടെ അപേക്ഷ പരിഗണിച്ചാണ് ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്‌തത്.

ലഹരി വേട്ടക്കേസിൽ എൻസിബി കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാല്‍ പുറംകടലിലെ ലഹരി വേട്ട കേസിൽ വിശദമായ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എൻസിബിക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു. പ്രതിയെ പിടികൂടിയതിലെ സ്ഥലം സംബന്ധിച്ച അവ്യക്തതയാണ് ഇത്തരമൊരു നിർദേശത്തിന് കാരണമായത്. പ്രതി സുബൈറിനെ പിടികൂടിയത് എവിടെ നിന്നാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും ഇന്ത്യൻ സമുദ്രാതിർത്തിയാണോ എന്നതിൽ വ്യക്തത വേണമെന്നും കോടതി ഇന്നലെ നിർദേശിച്ചിരുന്നു. എന്നാൽ പ്രതിയുടെ പശ്ചാത്തലം, ലഹരിയുടെ ഉറവിടം, ലക്ഷ്യസ്ഥാനം എന്നിവ കണ്ടെത്തണമെന്നാണ് എൻസിബി കോടതിയെ അറിയിച്ചത്.

മറുപടിയറിയിച്ച് എന്‍സിബി:പ്രതിയെ എവിടെ നിന്ന് പിടികൂടി എന്നതിന് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ മാത്രം ഈ വിഷയം പരിഗണിച്ചാൽ മതിയെന്നും എൻസിബി വ്യക്തമാക്കി. ലഹരിയെത്തിച്ച ബോട്ടിൽ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ രക്ഷപെടുകയായിരുന്നു. ലഹരി എത്തിച്ച ബോട്ട് കടലിൽ മുക്കിയെന്നും ബോട്ടിന് മതിയായ രേഖകളില്ലെന്നും എൻസിബി അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ബോട്ട് എത്തിയ വിവരവും പിടികൂടിയ സ്ഥലം സംബന്ധിച്ചും വ്യക്തമായിട്ടില്ല. ഇതിനായി പിടിയിലായ പ്രതിയുടെ പൗരത്വം ഉറപ്പിക്കണം. ആദ്യം പാകിസ്ഥാനിയെന്നും പിന്നെ ഇറാൻ പൗരൻ എന്നുമാണ് പ്രതി പറയുന്നത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

അതേസമയം പ്രതിയെ അഞ്ചുദിവസം വിശദമായി എൻസിബി ചോദ്യം ചെയ്‌തു. പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് എൻസിബി നൽകുന്ന സൂചന. ഓപ്പറേഷൻ സമുദ്രഗുപ്‌തയുടെ ഭാഗമായി എൻസിബി നേവിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു വൻ മയക്കുമരുന്ന് ശേഖരവുമായി പാകിസ്ഥാൻ പൗരൻ സുബൈറിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ അന്ന് രക്ഷപ്പെട്ടിരുന്നു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലിം ഗ്രൂപ്പാണ് വൻതോതിലുള്ള ലഹരി കടത്തിന് പിന്നിലെന്നാണ് എൻസിബി വ്യക്തമാക്കിയത്.

തെരച്ചിലുമായി നേവി:രക്ഷപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ മറ്റുള്ളവർക്ക് വേണ്ടി നേവിയുടെ പരിശോധനയും തുടരുകയാണ്. ഇവർ മയക്കുമരുന്നുമായി സഞ്ചരിച്ച ബോട്ട് കടലിൽ മുക്കി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടൊപ്പം കിലോ കണക്കിന് മയക്കുമരുന്ന് കടലിൽ മുക്കിയെന്നാണ് എൻസിബി സംശയിക്കുന്നത്. ഈ ബോട്ടിലുള്ളവർ മറ്റൊരു ബോട്ടിൽ കയറി ദ്വീപുകളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. വെള്ളം കയറാത്തതും നശിക്കാത്തതുമായ പാക്കറ്റുകളിലാക്കി കടലിൽ തള്ളിയ മയക്കുമരുന്ന് ഇതേസംഘം വീണ്ടെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്.

മയക്കുമരുന്ന് പിടികൂടിയത് പുറംകടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പെടുന്ന പ്രദേശമാണെങ്കിൽ മാത്രമേ ഇന്ത്യയിലെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഈയൊരു കാര്യമാണ് അഡീഷണൽ സെഷൻസ് കോടതിയും ചൂണ്ടികാണിച്ചത്. എൻസിബിയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു പതിമൂന്നാം തീയതി കൊച്ചി പുറംകടലിൽ നടത്തിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.

എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ, ശ്രീലങ്കയുമായും മാലിദ്വീപുമായും പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. ഇന്ത്യൻ നാവികസേനയുടെ ഇന്‍റലിജൻസ് വിഭാഗവുമായി സംയുക്തമായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമൈൻ വഹിക്കുന്ന ഒരു 'മദർ ഷിപ്പിന്‍റെ' നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർച്ചയായ രഹസ്യാന്വേഷണ ശേഖരണത്തിന്‍റെയും വിശകലനത്തിന്‍റെയും ഫലമായി കപ്പൽ നിരോധിത വസ്‌തുക്കൾ വിതരണം ചെയ്യാൻ സാധ്യതയുള്ള ഒരു റൂട്ട് കണ്ടെത്തി. അതനുസരിച്ച് ഈ വിശദാംശങ്ങൾ ഇന്ത്യൻ നാവികസേനയുമായി പങ്കിടുകയും ഒരു ഇന്ത്യൻ നേവൽ കപ്പൽ സമീപത്ത് വിന്യസിക്കുകയും ചെയ്‌തു. തുടർന്ന് കടലിൽ പോകുന്ന ഒരു വലിയ കപ്പൽ നാവികസേന തടഞ്ഞു, കപ്പലിൽ നിന്ന് 134 ചാക്ക് മെതാംഫെറ്റാമൈൻ കണ്ടെടുത്തു. കണ്ടെടുത്ത ചാക്കുകൾ, പാകിസ്ഥാൻ പൗരൻ, തടഞ്ഞുനിർത്തിയ ബോട്ട് എന്നിവ കൊച്ചി മട്ടാഞ്ചേരി വാർഫിൽ കൊണ്ടുവന്ന് തുടർനടപടികൾക്കായി എൻസിബിക്ക് കൈമാറുകയായിരുന്നു.

ABOUT THE AUTHOR

...view details