എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കുട്ടമ്പുഴ, പിണവൂർകുടി, മാമലകണ്ടം, അഞ്ചുകുടി, മാവുംതണ്ട്മുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളമില്ലാതെ ജനം നട്ടംതിരിയുന്നത്. പഞ്ചായത്തിലെ മറ്റ് ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മാമലക്കണ്ടത്തെ നീർച്ചാലുകളും അരുവികളും വറ്റിവരണ്ടതോടെയാണ് പ്രശ്നം ഗുരുതരമായത്. കിലോമീറ്ററുകളോളം നടന്നാണ് പ്രദേശ വാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
കുടിവെള്ളമില്ലാതെ കുട്ടമ്പുഴയിലെ ആദിവാസി ഊരുകൾ
മാമലക്കണ്ടം, പിണവൂർകുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മാമലക്കണ്ടത്തെ നീർച്ചാലുകളും അരുവികളും വറ്റിവരണ്ടതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. കിലോമീറ്ററുകളോളം നടന്നാണ് പ്രദേശ വാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
അലക്കാനും കുളിക്കാനും കോളനിയിലുള്ളവര്‍ പ്രയാസം നേരിടുന്നുണ്ട്. പഞ്ചായത്തിലെ ആദിവാസി കോളനികളിലെ ജലക്ഷാമം പരിഹരിക്കാൻ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആരംഭിച്ച അംബേദ്‌കർ കുടിവെള്ള പദ്ധതി പാതിവഴിയിലാണ്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ ആദിവാസി കോളനികളിലേക്ക് എത്താത്തതും ദുരിതം വര്‍ദ്ധിപ്പിക്കുന്നു. കുടിവെള്ള പദ്ധതി നടത്തിപ്പിൽ വൻ അഴിമതിയുള്ളതായും കോളനി നിവാസികൾ ആരോപിക്കുന്നു. വേനൽ കടുക്കുന്നതോടെ കൂടുതൽ ആദിവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.