എറണാകുളം: ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകക്കേസിൽ വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു (Dr vandana Das Murder Case). സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
ഡോക്‌ടർ വന്ദന കൊലപാതക കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ ചോദ്യമുന്നയിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് പോലീസ് മേധാവി കോടതിയെ അറിയിച്ചത്.
പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്‌തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്.
കേസിനാസ്‌പദമായ സംഭവം:മെയ് 10ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശിനി ഡോ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്കിടെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു പ്രതി സന്ദീപ് കൃത്യം നടത്തിയത്.