എറണാകുളം:കൊവിഡിന്‍റെ പുതിയ വകഭേദമായ ജെഎൻ 1 വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗസാധ്യത കൂടുതൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട് ശാസ്‌ത്രീയ പഠനം ആവശ്യമാണന്ന് ഡോ പത്മനാഭ ഷേണായി (Dr. Padmanaba Shenoy about JN 1 Omicrone variant). കൊവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് മേൽക്കൈ നേടാൻ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന നിലവിലെ സാഹചര്യത്തെ കുറിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പഠനങ്ങൾ നടത്തിയ ഡോ. പത്മനാഭ ഷേണായി പ്രായമായവർ, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവർ, പ്രതിരോധ ശക്തി കുറഞ്ഞവർ തുടങ്ങിയവരിൽ ജെഎൻ 1 ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. രോഗസാധ്യത കൂടിയവർ മാസ്‌ക് ധരിക്കണമെന്നും അദ്ദഹം പറഞ്ഞു.
നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെങ്കിലും ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വർധിക്കുകയാണെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം. മറ്റ് അസുഖമുള്ളവർ മാസ്‌ക് ധരിക്കണമെന്നും അദ്ദഹം ഓർമ്മപ്പെടുത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കൊവിഡ് കേസുകൾ കൂടി വരികയാണ്. രാജ്യത്തും കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. ഇതിന് കാരണം കൊവിഡിന്‍റെ ജെഎൻ 1 വകഭേദമാണ്. കൊവിഡ് എന്നത് ചാക്രികമായി വരുന്ന അസുഖമാണ്. അത് ചിലപ്പോൾ കൂടുകയും കുറയുകയും ചെയ്യുന്നു.