എറണാകുളം:കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ചൊവ്വാഴ്‌ച (31.10.2023) രാവിലെ കോടതിയിൽ ഹാജരാക്കും. അതേസമയം ഞായറാഴ്‌ച (29.10.2023) രാവിലെ യഹോവ സാക്ഷികളുടെ കൺവൻഷനിൽ സ്ഫോടനം നടത്തുകയും മൂന്നുപേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതി ഡൊമിനിക്ക് മാർട്ടിന്‍ സ്വമേധയാ കൊടകര സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സ്ഫോടനം നടത്തിയത് താനാണെന്നും, യഹോവാ സാക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന താൻ അവരുമായുള്ള ശക്തമായ എതിർപ്പ് കാരണമാണ് ഇത്തരമൊരു പ്രവർത്തനം നടത്തിയതെന്നും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളുടെ കീഴടങ്ങൽ. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തിങ്കളാഴ്‌ച (30.10.2023) രാവിലെ പ്രതിയെ പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
തെളിവുകള്‍ക്ക് തിരയേണ്ടിവന്നില്ല:സാധാരണ പ്രതികൾ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെങ്കിലും ഡൊമിനിക്ക് തെളിവുകളെല്ലാം സ്വയം ശേഖരിച്ച് പൊലീസിന് കൈമാറിയിരിക്കുകയാണ്. പ്രതി നൽകിയ തെളിവുകൾ സത്യമാണോയെന്ന് കൊച്ചി ഡിസിപി എസ്.ശശിധരൻ ഐപിഎസിന്‍റെ നേത്യത്വത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. താൻ പിടിക്കപ്പെടുമെന്ന ഉറപ്പുള്ള പ്രതി താന്‍ എന്തിനാണിത് ചെയ്‌തതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തത്.
കൊടകരയിലെ ഹോട്ടലിൽ മുറിയെടുത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ് സ്ഫോടക വസ്‌തു നിർമിക്കാനാവശ്യമായ വസ്‌തുക്കൾ വാങ്ങിയത്. പടക്കവും പെട്രോൾ നിറച്ച ബോട്ടിലും ഐഇഡിയുടെ ഭാഗമായി ക്രമീകരിച്ചാണ് ഉഗ്ര സ്ഫോടനവും അഗ്നിബാധയുമുണ്ടാക്കിയത്. എന്നാൽ ഈ വസ്‌തുക്കളെല്ലാം വാങ്ങിയതിന്‍റെ ബില്ലുകൾ ഉൾപ്പടെ ഡൊമിനിക്ക് ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്.
ക്രൂരകൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്‌ച തമ്മനത്തെ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് സ്ഫോടക വസ്‌തു നിർമിച്ചത്. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ അറിയാതെയായിരുന്നു ഇയാൾ ബോംബ് നിർമിച്ചത്. ശാസ്ത്ര വിഷയങ്ങളിൽ തത്‌പരനായ ഡൊമിനിക് പലതരത്തിലുള്ള പരീക്ഷണങ്ങളും സ്വന്തമായി നടത്താറുള്ളതിനാൽ വീട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല. പുലർച്ചെ അഞ്ചുമണിയോടെ രണ്ട് ബിഗ് ഷോപ്പറുകളിൽ ബോംബുമായി യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സാമ്രാ കൺവെൻഷൻ സെന്‍ററിലേക്ക് തിരിക്കുകയായിരുന്നു.