എറണാകുളം: ഡോളർ കടത്ത് കേസിൽ സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവരുടെ കസ്റ്റംസ് കലാവധി നീട്ടി. രണ്ട് പേരെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ എറണാകുളം എ.സി.ജെ എം.കോടതി അനുമതി നൽകി. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി. മൂവരെയും കോടതിയിൽ ഹാജരാക്കി. ഡോളർ കടത്ത് കേസിൽ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നാണ് സ്വപ്നയെയും സരിത്തിനെയും എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയത്.
ഡോളർ കടത്ത് കേസിൽ സരിത്തിന്‍റെയും സ്വപ്‌നയുടെയും കസ്റ്റംസ് കലാവധി നീട്ടി ഇതിനിടെ തങ്ങൾക്ക് ചില കാര്യങ്ങൾ രഹസ്യമായി അറിയിക്കാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ പറഞ്ഞു. അങ്ങനെയെങ്കിൽ പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാൻ ഇരുവരോടും കോടതി നിർദേശിച്ചു. തുടർന്ന് രണ്ട് പേരെയും മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകി. അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് ശിവശങ്കറിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഏഴ് ദിവസത്തേയ്ക്ക് കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
ശിവശങ്കർ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകളിൽ രണ്ടെണ്ണം മാത്രമെ കണ്ടെടുത്തിട്ടുള്ളൂവെന്നും ഒരു ഫോൺ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സീൽഡ് കവറിൽ സമർപ്പിച്ച മൊഴിയടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ സീൽഡ് കവറിലുള്ള മൊഴി കസ്റ്റംസ് ഇക്കഴിഞ്ഞ 27 ന് രേഖപ്പെടുത്തിയതാണെന്നും അതിനു ശേഷം മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അവസരമുണ്ടായതാണെന്നും പ്രതിഭാഗം വാദിച്ചു.
മൂന്നു ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന കസ്റ്റംസിന്‍റെ കണ്ടെത്തൽ തെറ്റാണ്. ഐ പാഡിൽ ഉപയോഗിച്ച സിം കാർഡിനെയാണ് പുതിയ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി കസ്റ്റംസ് വ്യാഖ്യാനിക്കുന്നത്. ഈ സിം കാർഡ് ഫോൺ വിളിക്കാൻ ഉപയോഗിച്ചിട്ടില്ലന്നും ഈ നമ്പരിൽ വാട്സ് ആപ്പ് ഇല്ലെന്നും കസ്റ്റഡി അപേക്ഷയെ എതിർത്ത് ശിവശങ്കറിന്‍റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് ശിവശങ്കറിനെ ഒരു ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത കോടതി കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.