എറണാകുളം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് കോടതി അനുമതി നൽകി. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അനുമതി നൽകിയത്. കേസിൽ ശിവശങ്കർ നാലാം പ്രതിയാണ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കർ സഹായം ചെയ്തുവെന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈ കേസിൽ എം ശിവശങ്കറിനെ പ്രതി ചേർത്തത്. സ്വപ്നയുടെ ആവശ്യപ്രകാരം കമ്മിഷൻ നൽകാൻ ഡോളർ കരിഞ്ചന്തയിൽ വാങ്ങിയെന്ന് യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എൻഫോഴ്‌സ്‌മെന്‍റിന് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് ഓഫിസർ ഖാലിദിന് നൽകാൻ മൂന്ന് ലക്ഷം ഡോളർ എറണാകുളത്ത് നിന്നും ഒരു ലക്ഷം ഡോളർ തിരുവനന്തപുരത്ത് നിന്നുമാണ് കരിഞ്ചന്തയിൽ വാങ്ങിയത്.
ഡോളർ കടത്ത് കേസ്; എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി - CUSTOMS ALLOWED TO ARREST M SHIVASHANKAR
എറണാകുളം എസിജെഎം കോടതിയാണ് അനുമതി നൽകിയത്.
![ഡോളർ കടത്ത് കേസ്; എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി ഡോളർ കടത്ത് കേസ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി എസിജെഎം കോടതി എം.ശിവശങ്കർ DOLLAR SMUGGLING CASE CUSTOMS ALLOWED TO ARREST M SHIVASHANKAR M SHIVASHANKAR](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10322149-thumbnail-3x2-msiva.jpg)
കമ്മിഷനായി ഇന്ത്യൻ രൂപ വേണ്ടെന്നും ഡോളറായി തന്നെ നൽകണമെന്നും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് ആവശ്യപ്പെട്ടപ്പോഴാണ് കരിഞ്ചന്തയിൽ നിന്ന് വാങ്ങിയതെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ മൊഴി. ഇതേ തുടർന്നായിരുന്നു ഡോളർ കടത്ത് കേസിൽ സ്വപ്ന, സന്ദീപ്, ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരെ പ്രതിചേർത്ത് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് ശിവശങ്കറിന്‍റെ സഹായം ലഭിച്ചിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസിൽ കസ്റ്റംസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുന്നത്. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി അറുപത് ദിവസം പൂർത്തിയാകാനിരിക്കെയാണ് മറ്റൊരു കേസിൽ കൂടി കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ലഭിച്ച് എം.ശിവശങ്കർ പുറത്തിറങ്ങുന്നത് തടയുകയെന്ന തന്ത്രം കൂടിയാണ് ഡോളർ കടത്ത് കേസിലെ അറസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.