എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.വന്ദന ദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവില്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ കോടതിയില്‍ ഇന്ന് അറിയിച്ചേക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാറിനെയും പൊലീസിനെയും നിശിത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സർക്കാർ, പൊലീസ് സംവിധാനങ്ങളുടെ പരാജയമാണ് സംഭവത്തിന് കാരണമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ ഹാജരായി സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു.
കൂടാതെ സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കാൻ നിർദേശിച്ച കോടതി മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കുന്ന വേളയിലുള്ള മാനദണ്ഡങ്ങൾ വൈദ്യ പരിശോധന സമയത്തും പാലിക്കണമെന്നും ഇടക്കാല ഉത്തരവിട്ടിരുന്നു. ആശുപത്രികളില്‍ സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന ഇൻഡസ്ട്രിയൽ ഫോഴ്‌സിനെ നിയോഗിക്കുമെന്നും ആവശ്യമെങ്കിൽ പണം നൽകി സ്വകാര്യ ആശുപത്രികൾക്കും ഇവരെ ഉപയോഗിക്കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഡോ.വന്ദന ദാസിന് നേരെയുണ്ടായത് കൊടും ക്രൂരത:മെയ് 10 പുലര്‍ച്ചെയാണ് ജോലിക്കിടെ ഡോക്‌ടര്‍ വന്ദന ദാസിന് നേരെ ആക്രമണമുണ്ടാകുന്നത്. കൊട്ടാരക്കര പൊലീസ് അടിപിടി കേസിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതി സന്ദീപാണ് ഡോക്‌ടറെ കുത്തി പരിക്കേല്‍പ്പിച്ചത്. അടിപിടി കേസിനിടെ ഇയാളുടെ കാലിനേറ്റ മുറിവില്‍ സ്റ്റിച്ചിടുന്നതിനിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്‌ടറെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോക്‌ടറെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം 7.25 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആക്രമണത്തിലേറ്റ പരിക്ക് ഗുരുതരമായത് കൊണ്ട് തന്നെ ഡോ. വന്ദന ദാസിനെ അഗ്രസീവ് റെസ്യൂസിറ്റേഷന്‍ മാനേജ്‌മെന്‍റ് അടക്കമുള്ള ചികിത്സയ്‌ക്ക് വിധേയമാക്കി. എന്നാല്‍ ചികിത്സക്കിടെ 8.25 ഓടെ ഡോക്‌ടര്‍ മരിച്ചു.
സംഭവത്തെ തുടര്‍ന്ന് കോട്ടയം സ്വദേശിയായ ഡോക്‌ടറുടെ കുടുംബം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അതിന് ശേഷമാണ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ കത്രിക കൊണ്ട് ഡോക്‌ടറുടെ ശരീരത്തിലേറ്റത് 11 കുത്തുകളായിരുന്നു. അതില്‍ ശ്വാസകോശത്തിന് ഏറ്റ പരിക്കാണ് മരണകാരണമായത്.
ഡോക്‌ടര്‍ക്കെതിരെയുള്ള ആക്രമണവും പ്രതിഷേധങ്ങളും: ചികിത്സക്കിടെ ഡോക്‌ടര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്കായി രാത്രികളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തീവ്ര പരിചരണ വിഭാഗത്തിലെ സേവനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം സേവനങ്ങളും നിര്‍ത്തി വച്ചായിരുന്നു സമരം.
ജീവനക്കാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരത്തെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്‌തു.
also read:വന്ദനയ്‌ക്കേറ്റത് 11 കുത്തുകള്‍ ; മരണകാരണമായത് ശ്വാസകോശത്തിലേക്ക് ആയുധം ആഴ്‌ന്നിറങ്ങിയത്