എറണാകുളം:ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് മര്‍ദനം. ആശുപത്രിയിലെ വനിത ഡോക്‌ടറെ ശല്യം ചെയ്‌ത യുവാക്കളെ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു മര്‍ദനം. ഡോക്‌ടര്‍ മുഹമ്മദ് ഹനീഷിനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. പനയപ്പിള്ളി സ്വദേശി റോഷൻ, മൂലംകുഴി സ്വദേശി ജോസ് നീൽ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവർക്കുമെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.
ഇന്ന് (ജൂലൈ 1) പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം. ചികിത്സക്കെത്തിയ രണ്ട് യുവാക്കളും ആശുപത്രി വരാന്തയില്‍ ഇരിക്കുകയായിരുന്ന വനിത ഡോക്‌ടറെ ശല്യപ്പെടുത്തുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഹനീഷിന് യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്‌തതില്‍ രോഷാകുലരായ യുവാക്കള്‍ ഡോ. ഹനീഷിനെ മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ഡോക്‌ടര്‍ നിലത്ത് വീണു. സംഭവത്തിന് പിന്നാലെ യുവാക്കള്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
കേരളത്തെ ഞെട്ടിച്ച ഡോക്‌ടറുടെ കൊലപാതകം: സമൂഹത്തിനായി രാപ്പകല്‍ കഷ്‌ടപ്പെടുന്ന ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള മര്‍ദനം അധികരിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകം. ഇക്കഴിഞ്ഞ മെയ് 10നായിരുന്നു കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ആ സംഭവം നടന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരുന്ന വന്ദന ദാസാണ് ആശുപത്രിയില്‍ ജോലിക്കിടെ കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിയുടെ കാലിലേറ്റ മുറിവിന് ചികിത്സ നല്‍കുന്നതിനിടെയായിരുന്നു ആക്രമണം. ആശുപത്രിയില്‍ നിന്നും കൈക്കലാക്കിയ കത്രിക കൊണ്ട് പ്രതി, ഡോക്‌ടര്‍ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഡോക്‌ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായ സന്ദീപാണ് ഡോക്‌ടറെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ ലഹരി വസ്‌തുക്കളൊന്നും ഉപയോഗിച്ചിരുന്നില്ലെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.