എറണാകുളം: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ അഭിപ്രായ ഭിന്നത രൂക്ഷം. ലയന നീക്കത്തെ എതിര്‍ക്കുന്ന അനൂപ് ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി ജോണി നെല്ലൂർ. കേരള കോൺഗ്രസ് എമ്മിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പിളർപ്പിന്‍റെ വക്കിലാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂർ വ്യക്തമാക്കി.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ അഭിപ്രായ ഭിന്നത രൂക്ഷം; അനൂപ് ജേക്കബിനെതിരെ ജോണി നെല്ലൂർ - ജോണി നെല്ലൂർ
അനൂപ് ജേക്കബ് ഉപജാപക സംഘത്തിന്‍റെ പിടിയിലാണെന്നും പാർട്ടിയെ പിളർത്താൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ജോണി നെല്ലൂർ ആരോപിച്ചു.
ഗ്രൂപ്പുകളിച്ച് പാർട്ടിയെ പിളർത്താമെന്ന് ആരും കരുതേണ്ടെന്നും തന്നെ അറിയിക്കാതെ അനൂപ് ജേക്കബ് കോട്ടയത്ത് നടത്തുന്ന ഉന്നതാധികാര സമിതി യോഗം അച്ചടക്ക ലംഘനവും വിഭാഗീയ പ്രവർത്തനവുമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് പി.ജെ ജോസഫുമായി ചര്‍ച്ച നടത്തിയ അനൂപ് ജേക്കബ് ഇപ്പോള്‍ എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന് തനിക്കറിയില്ല. അനൂപ് ഉപജാപക സംഘത്തി പിടിയിലാണെന്നും പാർട്ടിയെ പിളർത്താൻ ചിലർ പ്രവർത്തിക്കുന്നുവെന്നും ജോണി നെല്ലൂർ ആരോപിച്ചു. ലയനവുമായി ബന്ധപ്പെട്ട് ഈ മാസം 21ന് കോട്ടയത്ത് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായി തനിക്ക് പിന്തുണ പ്രഖ്യാപിച്ചതായി ജോണി നെല്ലൂർ പറഞ്ഞു. അതേ സമയം അനൂപ് ജേക്കബിന് പിന്തുണയുമായി ജേക്കബ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഇരു വിഭാഗവും ഈ മാസം 21ന് കോട്ടയത്ത് വെവ്വേറെ സംസ്ഥാന കമ്മിറ്റിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അതേ മാതൃകയിൽ പിളരാന്‍ ജേക്കബ് വിഭാഗവും തയ്യാറെടുക്കുന്നതിന്‍റെ പ്രഖ്യാപനം കൂടിയായിരുന്നു ജോണി നെല്ലൂർ നടത്തിയ വാർത്താ സമ്മേളനം.