എറണാകുളം: കോടതിയലക്ഷ്യ കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്ന് (ഒക്‌ടോബർ 10) ഹൈക്കോടതിയിൽ ഹാജരാകും. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിലാണ് അദ്ദേഹം നേരിട്ട് കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ മാസം 9-ാം തിയതി ഒരു ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് കേസിനാസ്‌പദമായത്.
സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. ഈ കേസിൽ കോടതിയിൽ ഹാജരാകാൻ കോടതി രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ബൈജു സാവകാശം തേടി. എന്നാൽ, ഇന്ന് നേരിട്ട് ഹാജരാകാൻ ജി സ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.