എറണാകുളം :പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. രാമലീലക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമായതുകൊണ്ട് തന്നെ ബാന്ദ്രക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ 'രക്ക രക്ക' എന്ന വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്‌തു.
ദിലിപിന്‍റെയും തമന്നയുടേയും തകർപ്പൻ ഡാൻസ് നമ്പറുമായി എത്തുന്ന 'രക്ക രക്ക' ഗാനം ട്രെൻഡിങ്ങ് ലിസ്‌റ്റിൽ ഇടം പിടിക്കുമെന്ന് തീർച്ചയാണ്. അതേസമയം വിനായക് ശശികുമാറിന്‍റെ വരികൾക്ക് സാം സിഎസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും.
അതേസമയം മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്‌ണയാണ് തിരക്കഥ ഒരുക്കുന്നത്.
ALSO READ:Bandra Movie Audio Launch 'ബാന്ദ്ര' യുടെ ഓഡിയോ ലോഞ്ച്; ചിത്രം നവംബർ പത്തിന് തിയറ്ററുകളിലേക്ക്
നേരത്തെ റിലീസ് ചെയ്‌ത ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ ഗാനത്തിന്‍റെ റിലീസോടെ ആരാധകർ ആഘോഷമാക്കുകയാണ്.
തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ദിലീപിന്‍റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്‌പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം.
സംഗീതം - സാം സിഎസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫർമാർ. പി ആർ ഒ - ശബരി.
ALSO READ:'ബാന്ദ്ര ഒരു റിയലിസ്‌റ്റിക് സിനിമയല്ല, തമന്ന നോ പറഞ്ഞിരുന്നെങ്കിൽ ചിത്രം സംഭവിക്കില്ലായിരുന്നു'; ദിലീപ്
തമന്നയെക്കുറിച്ച് ദിലീപ്:ബാന്ദ്ര ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ദിലീപ്. ബാന്ദ്ര ചിത്രത്തിൽ ജനകീയനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിനെ തുടർന്ന് സംഭവിക്കുന്ന വസ്‌തുതകളാണെന്ന് താരം പറഞ്ഞു. ചിത്രത്തിന്‍റെ കഥ പറയുമ്പോൾ കേൾക്കാൻ ചെറുതായിരുന്നെങ്കിലും ചിത്രീകരണം ആരംഭിച്ചപ്പോൾ പിന്നീട് ക്യാൻവാസ് വലുതായി. നടി തമന്ന ഈ കഥയോട് നോ പറഞ്ഞിരുന്നെങ്കിൽ ബാന്ദ്ര സംഭവിക്കില്ലായിരുന്നെന്നും പക്ഷേ കഥ കേട്ടപ്പോൾ തന്നെ തമന്ന ചിത്രം ചെയ്യാമെന്ന് സമ്മതിച്ചെന്നും ദിലീപ് പറഞ്ഞു.