സിദ്ദിഖിനെ അനുസ്‌മരിച്ച് ദിലീപ് എറണാകുളം:അന്തരിച്ച സംവിധായകന്‍സിദ്ദിഖിന്‍റെ (Director Siddique) സംവിധാനത്തിൽ തന്‍റേതായി അടുത്തതായി വരാനിരുന്നത് ഇരട്ട റോളിലുള്ള ബ്രഹ്മാണ്ട ചിത്രമായിരുന്നുവെന്ന് ദിലീപ് (Dileep). കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വോയിസ് ഓഫ് സത്യനാഥന്‍റെ സക്‌സസ് മീറ്റിൽ സംസാരിക്കവെയായിരുന്നു ദിലീപിന്‍റെ പ്രതികരണം. അതേസമയം, സംവിധായകൻ സിദ്ദിഖിന്‍റെ ഓർമകൾക്ക് മുന്നിൽ ദിലീപ് വേദിയിൽ വികാരാധീനനായി.
സിദ്ദിഖിനെ അനുസ്‌മരിച്ച്: സിദ്ദിഖും ലാലും (Siddique Lal) കലാഭവനിലുണ്ടായിരുന്ന കാലം മുതലേ അവരുമായി പരിചയത്തിലായിരുന്നു. അവരോടൊപ്പം ദീർഘകാലം ഒരേ വേദിയിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായും കരുതുന്നുവെന്നും ദിലീപ് പറഞ്ഞു. അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ താന്‍ ഇരട്ടവേഷത്തിലെത്തുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു സിദ്ദിഖ് എന്നും ദിലീപ് ചടങ്ങില്‍ പറഞ്ഞു. തന്‍റെ കരിയറിൽ തന്നെ സംഭവിച്ച ഇരുണ്ടകാലത്തെ മറനീക്കി പുറത്തുവരാൻ ആ ചിത്രം വലിയ രീതിയിൽ ഉപകാരപ്പെട്ടേനെയെന്നും ദിലീപ് വേദിയിൽ അഭിപ്രായപ്പെട്ടു.
അതേസമയം വോയിസ് ഓഫ് സത്യനാഥൻ (Voice of Sathyanathan) ട്രെയ്‌ലർ ലോഞ്ച് വേളയിൽ സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. അന്ന് സിദ്ദിക്ക് വേദിയിൽ സംസാരിച്ച കാര്യങ്ങള്‍ ദിലീപ് വേദിയില്‍ ഓർത്തെടുത്തതും എല്ലാവരിലും സങ്കടമുളവാക്കി. സിദ്ദിഖിന്‍റെ സംവിധാനത്തിൽ ബോഡിഗാർഡ് (Bodyguard) എന്ന ഏക ചിത്രമാണ് ദിലീപ് അഭിനയിച്ചത്.
ചടങ്ങില്‍ വോയിസ് ഓഫ് സത്യനാഥനിൽ കൂടെ അഭിനയിച്ച എല്ലാ താരങ്ങളോടും ദിലീപ് നന്ദി പറഞ്ഞു. അനുശ്രീയുടെ (Anusree) കഥാപാത്രത്തെ ചിത്രത്തിൽ വളരെ രഹസ്യ സ്വഭാവത്തോടെ അണിയറപ്രവർത്തകർ സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിനായി ഇറങ്ങിയ പല പോസ്‌റ്റുകളിലും അനുശ്രീയുടെ മുഖം ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രം ഇറങ്ങിയതിന് ശേഷവും അനുശ്രീയുടെ മുഖം ഉൾപ്പെടുത്താത്തതിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അനുശ്രീയോട് വേദിയിൽ വച്ച് തന്നെ കുസൃതി സ്വഭാവത്തോടെ ദിലീപ് മാപ്പ് ചോദിക്കുകയും ചെയ്‌തു.
തിയേറ്റര്‍ നിറച്ച് വോയിസ് ഓഫ് സത്യനാഥന്‍: ദിലീപിന്‍റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'വോയ്‌സ് ഓഫ് സത്യനാഥന്‍'. ഇക്കഴിഞ്ഞ ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കുടുംബ ചിത്രമായി പ്രദര്‍ശനത്തിനെത്തിയ 'വോയ്‌സ് ഓഫ് സത്യനാഥന്' പ്രേക്ഷകരില്‍ നിന്നും ബോക്‌സ് ഓഫിസുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോമഡിയും ത്രില്ലറും ചേര്‍ന്ന ഒരു ഫുള്‍ ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറായിരുന്നു ചിത്രം.
ദിലീപിനെ കൂടാതെ ജോജു ജോര്‍ജും (Joju George) ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെടുന്നു. ഇവരെ കൂടാതെ ബോളിവുഡ് താരം അനുപം ഖേര്‍ (Anupam Kher), സിദ്ദിഖ്, അലന്‍സിയര്‍ ലോപ്പസ്, ജനാര്‍ദ്ദനന്‍, രമേഷ് പിഷാരടി, ജഗപതി ബാബു, ബെന്നി പി നായരമ്പലം, മകരന്ദ് ദേശ്‌പാണ്ഡെ, ജാഫര്‍ സാദിഖ്, ഫൈസല്‍, സിദ്ദിഖ്, ജോണി ആന്‍റണി, ബോബന്‍ സാമുവല്‍, അംബിക മോഹൻ, ഉണ്ണിരാജ, സ്‌മിനു സിജോ തുടങ്ങിയവരും വോയ്‌സ് ഓഫ് സത്യനാഥനില്‍ അണിനിരക്കുന്നു.
ബാദുഷ സിനിമാസ്, ഗ്രാന്‍ഡ് പൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ദിലീപ്, എന്‍എം ബാദുഷ, രാജന്‍ ചിറയില്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അങ്കിത് മേനോന്‍റേതാണ്.