എറണാകുളം:ഉദയകൃഷ്‌ണ തിരക്കഥ എഴുതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ബാന്ദ്ര. താരസുന്ദരി തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. മറ്റൊരു കേന്ദ്ര സ്ത്രീ കഥാപാത്രമായി മംമ്ത മോഹൻദാസും ചിത്രത്തിൽ വേഷമിടുന്നു (Dileep On Bandra Movie).
ബാന്ദ്രയുടെ ട്രെയിലർ ഇറങ്ങിയത് മുതൽ ചിത്രം മുംബൈ പശ്ചാത്തലത്തിലുള്ള ഒരു ഗ്യാങ്സ്‌റ്റർ മൂവി ആയിരിക്കുമോ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. ചിത്രം മുംബൈ പശ്ചാത്തലത്തിൽ കഥ പറയുന്നുണ്ടെങ്കിലും കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ദിലീപ് ചിത്രം ഒരുങ്ങുക.
ബാന്ദ്രയിലും അത്തരം ഘടകങ്ങൾ ഉണ്ടെന്ന് നടൻ ദിലീപ് പ്രസ്‌താവിച്ചു. അൻപ് അറിവ് അടക്കമുള്ള ആക്ഷൻ ഡയറക്ടേഴ്‌സ് 11 ദിവസത്തോളം ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. അതിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഇതൊരു പൂർണ്ണമായ ആക്ഷൻ ചിത്രമല്ല. നായകൻ ആലത്തിന്‍റെയും നായിക താര ജാനകിയുടെയും പ്രണയ കഥയിലൂടെയാണ് ബാന്ദ്ര മുന്നേറുന്നത്.
അതേസമയം മുൻ ചിത്രമായ വോയിസ് ഓഫ് സത്യനാഥന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടൻ ദിലീപ് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ജനകീയനായ ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിനെ തുടർന്ന് സംഭവിക്കുന്ന വസ്‌തുതകളാണ് ബാന്ദ്ര സിനിമയ്ക്ക് ആധാരം. കഥ പറയുമ്പോൾ കേൾക്കാൻ ചെറുതായിരുന്നെങ്കിലും ചിത്രീകരണം ആരംഭിച്ചപ്പോൾ ക്യാൻവാസ് വലുതായി.
തമന്ന ഈ കഥയോട് നോ പറഞ്ഞിരുന്നെങ്കിൽ ബാന്ദ്ര സംഭവിക്കില്ലായിരുന്നു. പക്ഷേ കഥ കേട്ടപ്പോൾ തന്നെ തമന്ന ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇതെന്നും അരുൺ ഗോപിക്കൊപ്പം രണ്ടാമത്തെ സിനിമയാണെന്നും ദിലീപ് പറഞ്ഞു.
ചിത്രത്തെക്കുറിച്ച് ഒരു അവകാശവാദങ്ങളും ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല. നിരവധി ഭാഷയിലുള്ള നടന്മാർ ഈ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. അവർ അവരുടെ മാതൃഭാഷയിൽ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നതും.