എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടര്‍ച്ചയായ മൂന്ന് ദിവസം 33 മണിക്കൂറാണ് പ്രതികളെ കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്‌തത്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് , സുഹൃത്ത് ബൈജു ,അപ്പു എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്‌തത്.
അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി മോഹന ചന്ദ്രൻ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം ലഭിച്ചത് ഉച്ചയ്ക്കാണ്. ഇത് പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടും.
പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. പ്രതികളുടെ പഴയ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ വ്യാസൻ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തി. ശബ്‌ദരേഖ പരിശോധനയുടെ ഭാഗമായാണ് തന്നെ വിളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതികളെ ഒറ്റയ്ക്കിരുത്തിയും കൂട്ടമായി ഇരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.