എറണാകുളം: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധമുള്ള സാക്ഷികളെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തി പ്രതികളുടെ സിന്നിധ്യത്തിൽ മൊഴിയെടുക്കുന്നു.
ഗൂഢാലോചന കേസ്; സാക്ഷികളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച് ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയാണ് ക്രൈംബ്രാഞ്ച് ആദ്യം വിളിച്ചു വരുത്തിയത്. ഗ്രാന്‍റ് പ്രൊഡക്ഷൻസിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം. അതോടൊപ്പം പ്രതികളുടെ സാന്നിധ്യത്തിൽ ജീവനക്കാരന്‍റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
രണ്ടാമതായി സംവിധായകൻ റാഫിയെയാണ് ക്രൈം ബ്രാഞ്ച് ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തിയത്. ബാലചന്ദ്രകുമാറിൻ്റെ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് റാഫിയായിരുന്നു. ബാലചന്ദ്രകുമാറിൻ്റെ സിനിമയിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ റാഫിയെ വിളിച്ചു വരുത്തിയത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസം ആറാമത്തെ മണിക്കൂറിലേക്ക് കടക്കുകയാണ്. ഇന്നലെ പ്രതികളെ ഒരോരുത്തരെയും പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. പ്രതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമായിരുന്നു. ഈയൊരു സാഹചര്യത്തിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരെ ഒരുമിച്ച് ഇരുത്തിയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്‌ച പ്രോസിക്യൂഷൻ ഹാജരാക്കണം. മൂന്ന് ദിവസം പതിനൊന്ന് മണിക്കൂർ വീതം മുപ്പത്തിമൂന്ന് മണിക്കൂർ സമയം പ്രതികളെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ച സാഹചര്യത്തിൽ പ്രതികളിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന്‍റെ ലക്ഷ്യം. ഗൂഢാലോചന കേസിലും, നടിയെ ആക്രമിച്ച കേസിലും നിലവിലെ ചോദ്യം ചെയ്യൽ നിർണായകമാണ്.
Also Read: ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസില്‍; രണ്ടാം ദിന ചോദ്യം ചെയ്യല്‍ ആരംഭിച്ചു