എറണാകുളം: ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2016ൽ ദിലീപ് ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിൽ എടുത്തത്. ആലുവയിലെ ദിലീപിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.
നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. നിലവിൽ ഓടിച്ച് പോകാൻ കഴിയാത്ത നിലയിലായിരുന്നു ഈ വാഹനം. നടപടി ക്രമം പൂർത്തിയാക്കി കാർ പിന്നീട് തിരികെ നൽകി.
ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാക്കണം എന്ന ഉപാധിയോടെയാണ് KL 41 A 6399 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ തിരികെ നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ ഈ കാറിനെ കുറിച്ച് പരാമർശിച്ചിരുന്നു. 2016 ഡിസംബർ 26ന് ദിലീപിന്‍റെ വീട്ടിൽ നിന്ന് പൾസർ സുനി മടങ്ങിയത് ഈ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നുവെന്നായിരുന്നു മൊഴി.
ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം സഹോദരൻ അനൂപ് ഈ കാറിൽ പൾസർ സുനിയെ ബസ് സ്റ്റോപ്പിൽ വിടുകയായിരുന്നു. ഇതേസമയം താനും ഈ കാറിൽ ദിലീപിന്‍റെ വീട്ടിൽ നിന്ന് മടങ്ങിയെന്നും പൾസർ സുനിയെ പരിചയപ്പെട്ടത് ഈ കാറിൽ വെച്ചായിരുന്നുവെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴിയിൽ പറയുന്നു. ഇതാണ് പൾസർ സുനിയെന്ന് അനൂപാണ് പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലുണ്ട്. ദിലീപിനെ പൾസർ സുനിയുമായി ബന്ധപ്പെടുത്തുന്ന ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാർ കസ്റ്റഡിയിലെടുത്തത്.
Also Read: ആ കത്ത് വിനയാകുമോ?: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് അന്വേഷണ സംഘം കണ്ടെത്തി