എറണാകുളം :പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത് മുഴുവൻ നുണയാണെന്ന് ദിലീപ്. അന്വേഷണവുമായി സഹകരിച്ചു. മൊബൈൽ ഫോണുകൾ കൈമാറി. ഫോൺ ലോക്ക് പാറ്റേണ്‍ വ്യക്തമാക്കാന്‍ അഭിഭാഷകൻ കൃത്യ സമയത്ത് കോടതിയിൽ എത്തിയെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ വാദിച്ചു.
പ്രോസിക്യൂഷൻ ഇന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ ആരോപണങ്ങൾ ഉണ്ട്. അതിന് മറുപടി ഫയൽ ചെയ്യാനുണ്ട്. പ്രോസിക്യൂഷൻ പറഞ്ഞത് മുഴുവൻ നുണയാണെന്നും ഡിജിപി പൊലീസിൻ്റെ മൗത്ത് പീസായി മാറരുതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
ഫോണുകൾ നൽകിയതല്ലെന്നും വാങ്ങിച്ചെടുത്തതാണെന്നും ഡിജിപി മറുപടി നൽകി. 'സാർ കുടുംബവുമായി സുഖമായി ജീവിക്കുകയല്ലേ'യെന്ന് കോടതിയിൽ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ചോദിച്ചിരുന്നുവെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിൽ എങ്ങനെ ഭീഷണിയുടെ സ്വരം വരുമെന്നും അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അന്ന് പറഞ്ഞില്ലെന്നും ദിലീപിന്‍റെ അഭിഭാഷകൻ ചോദിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്‌തിട്ട് അവസാന ദിവസമാണ് ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുന്നത്. അപ്പോഴേക്കും അത് മുംബൈയ്ക്ക് അയച്ചിരുന്നു.