എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദമായി വാദം കേൾക്കും .
കൊവിഡ് സാഹചര്യത്തിൽ കേസുകൾ കോടതി ഓൺലൈനായാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഈ കേസിൽ നേരിട്ട് വാദം കേൾക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. പ്രതിഭാഗവും, പ്രോസിക്യൂഷനും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ശക്തമായി എതിർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ദിലീപിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.
Also Read: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതര വകുപ്പ് ഉള്‍പ്പെടുത്തി
ഈയൊരു സാഹചര്യത്തിൽ കൂടിയാണ് വിശദമായ വാദം കേൾക്കാൻ ഹൈകോടതി തീരുമാനിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം നടത്തുന്നത് പതിവില്ലാത്ത സംഭവമാണ്. ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സുദർശന്‍റെ കൈവെട്ടും എന്ന് ദിലീപ് പറഞ്ഞതിന് തെളിവുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉൾപ്പടെയുളള അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗൂഢാലോചന നടത്തിയത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഈ കേസിൽ അന്വേഷണം പ്രഥമിക ഘട്ടത്തിലാണ്. സിനിമാ നടനായ പ്രതി സ്വാധീനമുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കണമെങ്കിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.