എറണാകുളം:നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി വിചാരണ കോടതി. കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു വിചാരണ കോടതി.
മുമ്പ് പരിശോധിച്ച ആരോപണങ്ങൾക്കപ്പുറത്ത് ജാമ്യം റദ്ദാക്കാൻ കാരണമായ പുതിയ തെളിവുകൾ എന്തുണ്ടെന്നും, സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ എന്താണുള്ളതെന്നും കോടതി ചോദിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന് വിമർശനം:ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യുഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്‌താരത്തിനിടെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടതെന്നും പറഞ്ഞു.
വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടറാണ്, മറിച്ച് പൊലീസ് പ്രാസിക്യുട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും ജഡ്‌ജി പറഞ്ഞു. പ്രതികൾ എങ്ങനെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ടത് പ്രോസിക്യുഷനാണ്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തെന്നും കോടതി ആരാഞ്ഞു.