എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ സ്വദേശമായ ബിഹാറിലേക്കും ഡൽഹിയിലേക്കും പൊലീസ് സംഘം ഉടൻ യാത്ര തിരിക്കും. പ്രതി അസ്‌ഫാക്ക് ആലം ചോദ്യംചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകിയതായാണ് അന്വേഷണസംഘം നൽകുന്ന വിവരം.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈകഴുകുന്നത് കണ്ട സാക്ഷിയെ കണ്ടെത്താനായെന്നും മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് വ്യക്തമാക്കി. ശാസ്‌ത്രീയമായ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി കുട്ടിയെയും കൂട്ടി കുറ്റകൃത്യം നടത്താൻ പോകുന്നത് കണ്ട സാക്ഷികളെ ലഭിച്ചിരുന്നു.
കുറ്റകൃത്യത്തിന് ശേഷം പ്രതി അസ്‌ഫാക്ക് മടങ്ങി പോകുന്നത് കണ്ടവരെയും കൊലയ്ക്ക് ശേഷം കൈകഴുകുന്നത് നേരിൽ കണ്ട സാക്ഷികളെയും ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടി. പോസ്റ്റ്‌മോർട്ടം ചെയ്‌ത സർജനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിഹാറിലേക്കും ഡൽഹിയിലേക്കും പോകേണ്ട സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇവർ യാത്രതിരിക്കുമെന്നും ഡിഐജി വ്യക്തമാക്കി.
സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയിൽ അപേക്ഷ നൽകുക. തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ ഒരു ചെരിപ്പും ധരിച്ച വസ്ത്രത്തിന്‍റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ ഡൽഹിയിലാണ് പ്രതിക്ക് മറ്റൊരു കേസ് ഉള്ളത്. തെളിവെടുപ്പ് അന്വേഷണ പുരോഗതി അനുസരിച്ച് തുടരും. ഡൽഹിയിലെ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുമെന്നും ഡിഐജി എസ് ശ്രീനിവാസ് അറിയിച്ചു.