എറണാകുളം: മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ഇന്ന് ചേരും. മരട് ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കരാർ നൽകുന്നത് അംഗീകരിക്കാനാണ് യോഗം ചേരുന്നത്. കരാറിന് അംഗീകാരം നൽകാനായി അടിയന്തര യോഗം വിളിക്കാൻ നഗരസഭയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ച കൗൺസിൽ യോഗം ചേർന്നെങ്കിലും അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയതിനാൽ ഫ്ലാറ്റും പരിസരവും കമ്പനികൾക്ക് കൈമാറാൻ കഴിഞ്ഞില്ല.
ഈ മാസം 11-ാം തീയതി ഫ്ലാറ്റുകൾ പൊളിക്കാനായി കമ്പനികൾക്ക് കൈമാറുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മരട് നഗരസഭയോട് അടിയന്തര കൗൺസിൽ യോഗം ചേരാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും തങ്ങളെ അറിയിച്ചില്ലെന്നാണ് നഗരസഭയുടെ നിലപാട്. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം ഫ്ലാറ്റുകൾ പൊളിക്കാവൂ എന്നും കൗൺസിലർമാർ കഴിഞ്ഞ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.