എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു (Death toll rises in Kalamassery blast). മോളി ജോയി (61) രാവിലെ 5:08 നാണ് മരണപ്പെട്ടത്. ഇതോടെ കളമശേരി സ്ഫോടനത്തിലെ മരണ സംഖ്യ നാലായി ഉയർന്നു. ആലുവ, രാജഗിരി ആശുപത്രിയിൽ നിന്ന് എൺപത് ശതമാനം പൊള്ളലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഒക്‌ടോബര്‍ 29 ന് സംഭവ സ്ഥലത്ത് വെച്ച് കറുപ്പംപടി സ്വദേശി ലയോണയും, 90 ശതമാനം പൊള്ളലേറ്റ തൊടുപുഴ സ്വദേശി മീനാകുമാരി അന്നു തന്നെ വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടിരുരുന്നു. പിറ്റേ ദിവസം പന്ത്രണ്ടു വയസുകാരി ലിബ്‌നയും കളമശ്ശേരി മെഡിക്കൽ കോളജിൽ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ ആകെ 52 പേർക്കായിരുന്നു പരിക്കേറ്റത്.
അതേസമയം സ്‌ഫോടനം നടത്തിയ പ്രതി ഡൊമനിക് മാർട്ടിൻ നിലവിൽ റിമാന്‍ഡിലാണുളളത്. കൃത്യം നടത്തിയതിന് പിന്നിൽ മറ്റാർക്കും പങ്കില്ലെന്നും താൻ തന്നെ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്നും ഇയാൾ മൊഴി നൽകിയിരുന്നു. യൂട്യൂബ് നോക്കിയാണ് ഐഇഡി സ്ഫോടക വസ്‌തു നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. ഇതെല്ലാം സത്യമാണെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.
കൊച്ചി കടവന്ത്ര ഇളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ആശയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെടാതെ വന്നതോടെയാണ് പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങിയത്. ഒരു മാസത്തേക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
പ്രതിയ്‌ക്കെതിരായ ആരോപണം ഗുരുതരമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായെങ്കിലും അഭിഭാക്ഷകന്‍റെ സേവനം ആവശ്യമില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്‍റെ ആശയങ്ങൾ സ്വന്തം ശബ്‌ദത്തിൽ കോടതിയെ അറിയിക്കും. സ്വന്തമായി കേസ് വാദിക്കുമെന്ന് പ്രതി ഡൊമനിക് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അത്താണിയിലെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.