എറണാകുളം:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴിമാറ്റാൻ സമ്മർദമെന്ന് കലാഭവൻ സോബി ജോര്‍ജ്. സംഭവ സ്ഥലത്ത് കണ്ടതും ആദ്യം മുതൽ പറഞ്ഞതുമായ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഈ കാര്യങ്ങൾ സി.ബി.ഐക്ക് മുന്നിലും ആവർത്തിക്കുമെന്ന് സോബി ജോർജ് ഇ.ടി.വി. ഭാരതിനോട് പറഞ്ഞു.
ബാലഭാസ്കറിന്‍റെ മരണം; മൊഴിമാറ്റാൻ സമ്മർദമെന്ന് കലാഭവൻ സോബി ജോർജ് - Death of Balabhaskar
ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിയായ സ്ത്രീ കേസിൽ നിന്ന് പിന്മാറാൻ വലിയ ഓഫറുകൾ നൽകുന്നതായും കലാഭവൻ സോബി
ആദ്യഘട്ടത്തിൽ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു. പിന്നീട് ഇസ്രായേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിയായ സ്ത്രീ കേസിൽ നിന്ന് പിന്മാറാൻ വലിയ വാഗ്ദാനമാണ് നൽകിയത്. എന്നാൽ താൻ ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നിലെ അസ്വാഭാവികത പുറത്ത് വരണമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം സ്വദേശിനിയും അവരുമായി ബന്ധപ്പെട്ടവരും തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. തന്നെ സമ്മർദത്തിലാക്കാൻ നിരവധി കേസുകളാണ് തനിക്കെതിരെ നൽകിയിട്ടുള്ളത്. കള്ളക്കേസിൽ കുടുക്കി തന്നെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടന്നും സോബി ജോർജ് പറഞ്ഞു. കോതമംഗലം സ്വദേശിനിയുടെ വിവരങ്ങൾ ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അവർ നാട്ടിലെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് താൻ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്ന് പരിശോധിക്കാൻ തന്നെ ബ്രൈൻ മാപ്പിങിന് വിധേയമാക്കാമെന്നും സോബി ജോർജ് ആവർത്തിച്ചു.