എറണാകുളം: നരബലിക്ക് ഇരയായ പത്മയുടെ ശരീര ഭാഗങ്ങൾക്കു വേണ്ടി ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ ഐപിഎസ്. പത്മയുടെ മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട കാലതാമസം സംബന്ധിച്ച് ബന്ധുക്കളെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചതായി കൊച്ചി ഡിസിപി പറഞ്ഞു. അമ്പത്തിയാറ് കഷണങ്ങളായി മുറിച്ച മൃതദേഹത്തിന്‍റെ സാമ്പിൾ എടുത്താണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. അതിനാലാണ് ഫലം വൈകുന്നത്.
രണ്ടാഴ്‌ച എങ്കിലും കഴിഞ്ഞേ മൃതദേഹം വിട്ടുനൽകാൻ കഴിയുകയുള്ളൂ എന്നാണ് കരുതുന്നത്. ഡിഎൻഎ ഫലം ലഭിക്കാതെ മൃതദേഹം വിട്ടു നൽകിയാൽ അത് കേസിനെ തന്നെ ബാധിക്കും. പരമാവധി വേഗത്തിൽ പരിശോധന പൂർത്തിയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.