എറണാകുളം:സ്വകാര്യബസിന്‍റെ മത്സരയോട്ടത്തിൽ ജീവൻ നഷ്ടമായ കൊച്ചി സ്വദേശി ലോറൻസ് വർഗീസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ പെൺമക്കളുടെ പ്രതിഷേധം. ഒക്ടോബര്‍ എട്ടാം തിയതിയായിരുന്നു തോപ്പുംപടിയിൽ വച്ച് റോഡരികിൽ നടന്നു പോവുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചായിരുന്നു പ്രാഥമിക ചികിത്സ നൽകിയത്.
തുടർ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. വിദഗ്‌ധ ചികിത്സ ലഭിക്കുന്നത് വൈകിയതിനാലാണ് മരണം സംഭവിച്ചതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നെങ്കിലും അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ ഒമ്പത് ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.