എറണാകുളം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടർന്നാണ് ശിവശങ്കറിനെ ഇന്ന് എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കുന്നത്. അതേ സമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴികളല്ലാതെ കൂടുതൽ തെളിവുകൾ എന്തെങ്കിലുമുണ്ടെങ്കിൽ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ കോടതി കസ്റ്റംസിനോട് നിർദേശിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും - ശിവശങ്കർ ജാമ്യം
സാക്ഷികളെ സ്വാധീനിക്കാനടക്കമുള്ള സാധ്യത ചൂണ്ടിക്കാട്ടി ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് വാദം.
ശിവശങ്കറിൻ്റെ രണ്ട് ഫോണുകൾ കൂടി ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിന്‍റെ ഭാര്യയാണ് ഫോണുകള്‍ കൈമാറിയത്. ദീർഘസമയം ചോദ്യം ചെയ്‌തിട്ടും മറ്റ് ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയിരുന്നില്ല. സത്യം മറച്ച് വെക്കുന്നു എന്നതിന് പ്രധാന തെളിവാണിത്. ഉന്നത സ്ഥാനത്തിരുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ട്. അതിനാൽ ശിവശങ്കറിന് ജാമ്യം നൽകരുതെന്നാണ് കസ്റ്റംസിന്‍റെ വാദം. അതേസമയം ഡോളർ കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുന്നത് ഇന്നും തുടരും.