എറണാകുളം:ഇറച്ചിവെട്ട് യന്ത്രത്തിൽ നിന്ന് സ്വർണം പിടിച്ച കേസിൽ തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എ.എ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയ കേസിൽ ഇയാളുടെ മകൻ ഷാബിനെതിരെ കേസെടുത്തിരുന്നു.
തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് ഇതിന്‍റെ തുടർച്ചയായാണ് കസ്റ്റംസ് വീട്ടിൽ പരിശോധന നടത്തുന്നത്. രാവിലെ പത്ത് മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച 2.26 കിലോഗ്രാം സ്വർണമാണ് കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സ്വർണം കൈപ്പറ്റാൻ വാഹനവുമായെത്തിയ നകുൽ എന്നയാളെയും കസ്റ്റഡിയിലെടുത്തിരുന്നു. ദുബായിൽ നിന്നും എയർ ഇന്ത്യയുടെ കാർഗോ വിമാനത്തിൽ തൃക്കാക്കര തുരുത്തുമ്മേൽ എന്‍റർപ്രൈസസ് സ്ഥാപനത്തിന്‍റെ പേരിലാണ് ഇക്കഴിഞ്ഞ 17ന് കാർഗോ നെടുമ്പാശേരിയിലെത്തിയത്. പുറത്തേക്ക് കടക്കുകയായിരുന്ന വാഹനം തടഞ്ഞു നിർത്തി ഇറച്ചിവെട്ട് യന്ത്രം പൊളിച്ചു നോക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണക്കടത്ത് കേസിൽ ലീഗ് നേതാവിന്‍റെ മകൻ പ്രതിയാവുകയും തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തിയതും പുതിയ രാഷ്ട്രീയ വിവാദത്തിന് കാരണമാകാനാണ് സാധ്യത.