എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫീസിൽ നിന്നും മടങ്ങിയ അദ്ദേഹം ഇന്ന് രാവിലെ പത്തരയോടെ വീണ്ടും ഹാജരായി. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സ്വർണക്കടത്തിന് പുറമെ ഈന്തപ്പഴം ഇറക്കുമതിയിലെ ചട്ടലംഘനം സംബന്ധിച്ചുമാണ് മാരത്തോൺ ചോദ്യം ചെയ്യൽ തുടരുന്നത്.
ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു - customs questions sivasankan
നയതന്ത്ര ചാനൽ വഴി നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴം എത്തിച്ചതിലെ ചട്ടലംഘനം സംബന്ധിച്ചാണ് മാരത്തോണ്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്.
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റംസ് ജയിലെത്തി ചോദ്യം ചെയ്യൽ തുടങ്ങി. ശിവശങ്കറിന്‍റെ മൊഴികളിൽ കൂടുതൽ വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്. സ്വപ്‌നയെ കാക്കനാട് ജില്ലാ ജയിലിലും സന്ദീപിനെ തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലുമാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ എൻഐഎ മൂന്നാം വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്‌തപ്പോൾ ഒരേസമയം തന്നെ സ്വപ്‌നയെയും ചോദ്യം ചെയ്‌തിരുന്നു.
നയതന്ത്ര ചാനൽ വഴി നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴം എത്തിച്ചതിലുള്ള പ്രതികളുടെ പങ്കാളിത്തവും ഇതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളും ഒപ്പം ശിവശങ്കർ സ്വപ്‌നയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമാണ് ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ഇന്നലെ ചോദിച്ചത്. സ്വപ്‌ന വിദേശത്തേക്ക് പണം കടത്തിയെന്ന കണ്ടെത്തലിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചു. ലൈഫ്‌മിഷൻ ഇടപാടിലെ കമ്മിഷൻ തുകയാണ് സ്വപ്‌ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.