എറണാകുളം :തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥർ റിമാൻഡിൽ. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ ) അറസ്റ്റ് ചെയ്‌ത കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍
എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്‌തത്. കസ്റ്റംസ് ഇൻസ്‌പെക്‌ടർമാരെ കൊച്ചി ഡി ആർ ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
പിടിയിലായവരുടെ മൊഴിയിൽ അന്വേഷണം :ദിവസങ്ങൾക്ക് മുൻപ് വിമാനത്താവളത്തിൽ വച്ച് അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന നാലര കിലോ സ്വര്‍ണം കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഡി ആർ ഐ അന്വേഷണം ഉദ്യോഗസ്ഥരിലേക്കെത്തിയത്. സ്വർണം കടത്തി പിടിയിലായ പ്രതികൾ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ തങ്ങളെ ചതിച്ചെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ തങ്ങളെ സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയത്. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് ഡിആർഐ കസ്റ്റംസ് ഇൻസ്‌പെക്‌ടർമാരുടെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടന്നത്. ഈ സംഭവത്തിന് മുൻപും പ്രതികൾക്ക് സ്വർണം കടത്താൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തതായാണ് പിടിയിലായ പ്രതികൾ ഡി ആർ ഐക്ക് മൊഴി നൽകിയത്.