എറണാകുളം: സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലെ മേൽവിലാസത്തിലാണ് നോട്ടീസ് അയച്ചത്.സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് കസ്റ്റംസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്. അതേസമയം നിയമസഭാ സെക്രട്ടറിയുടെ കത്തിനുള്ള മറുപടി കസ്റ്റംസ് ഇന്ന് നൽകും.
കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ് - K Ayyappan
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലെ മേൽവിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദ്യം ഫോണിലൂടെയാണ് കസ്റ്റംസ് ആവശ്യപ്പെട്ടതെന്നായിരുന്നു വിവരം. നോട്ടീസ് ലഭിക്കാതെ ഹാജരാകാൻ കഴിയില്ലെന്ന നിലപാടാണ് അയ്യപ്പൻ സ്വീകരിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകിയിരുന്നുവെന്നും വരാമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്നാണ് ഇ-മെയിൽ വഴിയ കസ്റ്റംസ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്‌ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ തിരക്കാണെന്നും, മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് അയ്യപ്പൻ കസ്റ്റംസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
ഇതിനിടെയാണ് നിയമസഭ സെക്രട്ടറിയേറ്റിന്‍റെ പരിധിയിൽ വരുന്നയാളാണ് അയ്യപ്പനെന്ന് ചൂണ്ടിക്കാട്ടി സഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്. സ്‌പീക്കറുടെ അനുമതിയോടെ മാത്രമെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കുകയുള്ളുവെന്ന് നിയമസഭ സെക്രട്ടറി കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തുടർ നടപടിയിലേക്ക് കടക്കുകയായിരുന്നു.