സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദിനെയും റബിൻസിനെയും കസ്റ്റംസ് പ്രതിചേർത്തു - gold smuggling case
ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.
എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും കസ്റ്റംസ് പ്രതിചേർത്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് കസ്റ്റംസ് ഈക്കാര്യം അറിയിച്ചത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ഇത് പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യമില്ലാ വാറണ്ട് ലഭിച്ചതിന് ശേഷം ഇന്‍റർ പോളിന്‍റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം. നാലാം പ്രതി റമീസിന്‍റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന അപേക്ഷ കോടതി തള്ളി. മൂന്ന് ദിവസം കൂടി റമീസിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് തള്ളിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. രണ്ടാം പ്രതി സ്വപ്‌ന, മൂന്നാം പ്രതി സന്ദീപ് എന്നിവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് സമർപ്പിച്ച ഹർജി നാളെ പരിഗണിക്കും.