ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കര്‍ ഇഡി കസ്‌റ്റഡിയില്‍ തുടരും, അനുമതി നല്‍കി പ്രത്യേക സിബിഐ കോടതി എറണാകുളം: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡി കസ്‌റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്‌റ്റഡി കാലാവധി നീട്ടി. ഇഡിയുടെ കസ്‌റ്റഡി നീട്ടൽ അപേക്ഷ പരിഗണിച്ചാണ് പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാല് ദിവസം കൂടി കസ്‌റ്റഡി അനുവദിച്ചത്. തുടര്‍ന്ന്, ഇരുപത്തി നാലാം തിയതി മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ഈ കേസിൽ എം.ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളതാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറിൽ ഇഡി കോടതിയിൽ തെളിവുകൾ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് പരാതികളില്ലെന്ന് കോടതിയുടെ ചോദ്യത്തിന് എം.ശിവശങ്കർ മറുപടി നൽകി.
ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എല്ലാ ദിവസവും മെഡിക്കൽ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച (ഫെബ്രുവരി 14) രാത്രിയായിരുന്നു ശിവശങ്കറിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയെന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തു മൊഴി നല്‍കിയിരുന്നു.
ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മീഷനായിരുന്നുവെന്നാണ് സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിനെ പ്രതിയാക്കി ഇ ഡി അറസ്‌റ്റ് ചെയ്‌തത്.