മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് എറണാകുളം :കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും നാല് പേര്‍ മരിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു (Investigation Announced on CUSAT Stampede). അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർക്കും, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദേശം നൽകിയതായി മന്ത്രി ആർ ബിന്ദു (R Bindu) അറിയിച്ചു. അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് വൈസ് ചാൻസലർ സമര്‍പ്പിച്ചു.
പരിക്കേറ്റ കുട്ടികളുടെ ചികിത്സ ചെലവ് യൂണിവേഴ്‌സിറ്റി വഹിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് (നവംബര്‍ 26) രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. രണ്ടാംവർഷ എഞ്ചിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി, ആന്‍ റുഫ്‌ത എന്നിവരുടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലും സാറ തോമസ്, ആൽവിൻ എന്നിവരുടെ മൃതദേഹങ്ങൾ എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റുമോർട്ടം ചെയ്‌തത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടർന്ന് ബന്ധുക്കൾക്ക് കൈമാറി വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്നലെ (നവംബര്‍ 25) കുസാറ്റ് ടെക് ഫെസ്റ്റില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാര്‍ഥികളായ നാല് പേര്‍ മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം. നാല്‍പ്പതിലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയ പാലക്കാട് സ്വദേശിയും പൂർവ വിദ്യാർഥിയുമായ മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ പരിപാടിയാണ് കോളജില്‍ സംഘടിപ്പിച്ചിരുന്നത്. പരിപാടിക്ക് മുന്‍പ് പ്രദേശത്ത് തിരക്ക് കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിന്‍റെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരുന്നു.
Also Read :കുസാറ്റ് ദുരന്തം : കേരളം പ്രതീക്ഷിക്കാത്ത അപകടം, വീഴ്‌ചകള്‍ ഉണ്ടോയെന്ന് പരിശോധിക്കും : മന്ത്രി പി രാജീവ്
ഇതോടെ, നിരവധി വിദ്യാര്‍ഥികളാണ് ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ചുകൂടി നിന്നത്. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്യുകയും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണ് തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.