എറണാകുളം :കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതി സുസ്‌മിതയെ എക്സൈസ് കസ്‌റ്റഡിയിൽ വിട്ടു. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് ഈ മാസം ഏഴ് വരെ കസ്‌റ്റഡി അനുവദിച്ചത്. കാക്കനാട് പിടിയിലായ ലഹരി സംഘത്തിന് നേതൃത്വം നൽകിയിരുന്നവരിൽ പ്രധാനി കൊച്ചി സ്വദേശി സുസ്‌മിത ഫിലിപ്പാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ സംഘം ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് എക്സൈസ് സംശയിക്കുന്നത്. പ്രതികൾക്ക് സുസ്‍മിത സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചനയിൽ പങ്കാളിയാണന്നും എക്സൈസ് വ്യക്തമാക്കി. മയക്കുമരുന്ന് ഇടപാടിൽ സുസ്‍മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.