എറണാകുളം: ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ആദ്യ ഘട്ടത്തിൽ സൈബി ജോസിനെതിരെ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയ നാല് അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തും.
തുടർന്നായിരിക്കും ആരോപണ വിധേയനായ സൈബി ജോസിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്‌പി കെ എസ് സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്‌ടീവ് ഇൻസ്പെക്‌ടർമാരായ എ എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐമാരായ കലേഷ് കുമാർ, ജോഷി സി എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ്ഐമാരായ എസ് അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.