എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കിളിമാനൂർ സ്വദേശി സന്തോഷിന്‍റെ പരാതിയിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് മോൻസനെ വീണ്ടും കലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുരാവസ്തുകൾ നൽകിയ വകയിൽ മൂന്ന് കോടിയോളം രൂപ നൽകാതെ മോൻസൻ വഞ്ചിച്ചുവെന്നാണ് സന്തോഷിന്‍റെ പരാതി.
പുരവസ്തുക്കൾ ശേഖരിച്ചിരുന്ന താൻ നൽകിയ വസ്തുക്കളാണ് മോൻസന്‍റെ ശേഖരത്തിലുള്ളവയിൽ അധികമെന്നും സന്തോഷ് മൊഴി നൽകിയിരുന്നു. മോൻസന്‍റെ പക്കലുള്ള മോശയുടെ അംശവടി, കൃഷ്ണന്‍റെ വെണ്ണ ഉറി എന്നിവ അടക്കം നിരവധി പുരാവസ്തുക്കൾ മോൻസന് കൈമാറിയത് സന്തോഷായിരുന്നു. ഈ വസ്തുക്കൾ മോൻസൻ അവകാശപ്പെടുന്നതുപോലെ അംശവടിയോ കൃഷ്ണന്‍റെ ഉറിയോ അല്ലെന്നും 40 മുതൽ അറുപത് വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കളാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു.